ഇരമ്പിയെത്തിയ മഴമേഘങ്ങള്‍ ആകാശം നിറഞ്ഞു. മരുഭൂമിയിലെവിടെയോ രൂപം കൊണ്ടൊരു മണല്‍ക്കാറ്റ് നഗര വീഥിയിലേക്ക് വീശിയെത്തി. ചുട്ടുപഴുത്തിരുന്ന ഭൂമി മഴത്തുള്ളികളുടെ നനുത്ത സ്പര്‍ശമേറ്റ് പുളകിതയായി. നഗരവാസികള്‍ക്കപൂര്‍വ കാഴ്ചയായി വേനല്‍ മഴ പെയ്തിറങ്ങി.

Sunday, November 21, 2010

ഉമ്മ - കവിത

ഭൂമിയും ആകാശവും ഉറങ്ങുമ്പോള്‍
പാതി ചിമ്മിയ കണ്ണുകളുമായി..
ഉറക്കത്തിന്റെ ആഴങ്ങളിലേക്ക്
വഴുതി വീഴാതെ,
ഉറങ്ങുന്നയെന്‍
ചാരത്തിരുന്നവള്‍...
****
എന്റെ ഏങ്ങലുകളില്‍ ഞെട്ടിയുണര്‍ന്ന്...
വാരിയെടുത്തെനിക്ക് -
അമ്മിഞ്ഞപ്പാലിന്റെ
മധുരം പകര്‍ന്നവള്‍..
****
" കണക്കിനതീതമാം പത്ത് മാസങ്ങള്‍"
ഞാനെന്ന ഗര്‍ഭം താങ്ങി
ഒന്ന് ചെരിഞ്ഞു കിടക്കാന്‍ കഴിയാതെ
നിശയെ നിദ്രവിഹീനങ്ങളാക്കിയവള്‍-
പകലുകളില്‍ വേച്ചു വേച്ചു നടന്നവള്‍..
****
"എന്‍ ജന്മത്തിനായ് "
നീ പുല്‍കിയ വേദനകള്‍
നീ സഹിച്ച ദുരിതങ്ങള്‍
പകരമെന്തു നല്‍കും ഞാന്‍
പ്രാര്‍ത്ഥനകളല്ലാതെ


ജാലകം

Saturday, September 18, 2010

ജീവിതത്തോട് സംവദിച്ച്...(കഥ - അഷ്റഫ് കടന്നപ്പള്ളി)

ജാലകം
"ചില കാര്യങ്ങള്‍ക്ക് മുമ്പില്‍ എത്ര നിസ്സഹായരാണ് നാം. എല്ലാം കൈപ്പിടിയിലാണ്
എന്നഹങ്കരിച്ചാലും നിതാന്തമായ ചില സത്യങ്ങള്‍ക്ക് മുമ്പില്‍ വെറും നോക്കുകുത്തികളായിരിക്കാന്‍ മാത്രം വിധിക്കപ്പെട്ടവര്‍..." അതും പറഞ്ഞ് അരവിന്ദന്‍ ബീഡിയിലേക്ക് തീക്കൊള്ളി നീട്ടി. അതുവരെ കടലിന്റെ അപാരതയിലേക്കൊരു ചിന്താശൂന്യമായ നോട്ടമെറിഞ്ഞിരിക്കുകയായിരുന്ന എമിലികുര്യാക്കോസ് അയാളിലേക്ക് മുഖം തിരിച്ചു.
"അതൊരു സാധാരണ ഫിലോസഫിയാണെങ്കിലും അരവി ഇപ്പോളതോര്‍ക്കാനുണ്ടായ കാരണം"
എമിലി തന്റെ മൗനത്തെ ഒരു ചോദ്യം കൊണ്ട് മുറിച്ചു. കടല്‍ ശാന്തമായിരുന്നു..കാറ്റില്ലാതെ..തിരയുടെ ഇരമ്പലില്ലാതെ..കടലിന്റെ നേര്‍ത്ത കുളിര്‍മ തീരത്തെ പൊതിഞ്ഞു നിന്നിരുന്നു..
"നിന്റെ ചുണ്ടിലെരിയുന്ന ബീഡിയുടെ വേഗത കണ്ടാലറിയാം നിന്റെ മനസ്സ് വല്ലാതെ അസ്വസ്ഥമാണെന്ന്‍..നീ എന്തോ വല്ലാതെ ഓര്‍ക്കുന്നു.."
"അതെ അതെന്നെ വല്ലാതെ പിന്തുടരുന്നു.. ആ സ്ത്രീയുടെ അലര്‍ച്ച..ആ ശബ്ദം വരുന്നതെവിടെ നിന്നാണെന്ന്‍ തിരിച്ചറിയാന്‍ പോലും കഴിയില്ല..അത്ര ഭയാനകമായിരുന്നു അത്.."
"നീയോര്‍ക്കുന്നില്ലേ കഴിഞ്ഞ ഞയറാഴ്ച വേണുവിന്റെ കൂടെ ഞാന്‍ അവന്റെ ഗ്രാമത്തിലേക്ക് പോയത്. അവിടേക്ക് പോകുന്ന ചെമ്മണ്‍ റോഡൊഴിവാക്കി നീണ്ട ഇടവഴിയിലൂടെ മണിക്കൂറുകള്‍ താണ്ടിയുള്ള നടത്തം. ഇടയ്ക്ക് വിശ്രമിക്കാന്‍ ഏതെങ്കിലും മരത്തണലിലല്‍പം തങ്ങി കുന്നുകള്‍ കയറിയിറങ്ങി പ്രകൃതിയുടെ മണവും ശ്വസിച്ചുള്ള ആ യാത്ര അതെനിക്ക് വല്ലാത്ത ഹരമായിരുന്നു.. അത്കൊണ്ടാണ് വേണുവിനെ നിര്‍ബന്ധിച്ച് ഞാനായാത്ര വീണ്ടും തരപ്പെടുത്തിയത്.. ആദ്യ യാത്രയിലും ഞങ്ങളാ വീട്ടില്‍ കയറിയിരുന്നു..അന്നൊരു സ്ത്രീ ഞങ്ങള്‍ക്ക് കഞ്ഞി വെള്ളമൊഴിച്ചു തന്നിരുന്നു.."
അരവിയുടെ ചുണ്ടിലെരിഞ്ഞു കൊണ്ടിരുന്ന ബീഡി തീര്‍ന്നു. അയാള്‍ അടുത്തതിന് തീ കൊടുത്തു..
" എന്നിട്ട്.." എമിലി ആകാംക്ഷയോടെ ..
" ഞങ്ങളാ വീടിനടുത്തെത്തിയപ്പോള്‍ അവിടെ നാലഞ്ച് പേര്‍ കൂടി നില്‍പുണ്ട്. അകത്തു നിന്നും കരച്ചിലുയരുന്നു.. അന്ന്‍ ഞങ്ങള്‍ക്ക് വെള്ളമൊഴിച്ച് തന്നിരുന്ന സ്ത്രീ പേറ്റ് നോവെടുത്ത് കരയുകയാണെന്ന്‍ ഞങ്ങളറിഞ്ഞു. പേറ്റിച്ചിയും അകത്തുണ്ട്. സമയം കുറേയേറെയായി.. കുട്ടിയെ പുറത്തെടുക്കാന്‍ പേറ്റിച്ചിക്ക് കഴിയുന്നില്ല.. കുട്ടി പകുതി പുറത്തായി കുടുങ്ങി നില്‍ക്കുകയാണ്. സര്‍വ ശക്തിയുമെടുത്ത് പേറ്റിച്ചി കുഞ്ഞിനെ പുറത്തേക്ക് വലിച്ചു..അവിടെയൊരു ചോരപ്പുഴയൊഴുകി..കുഞ്ഞില്‍നിന്നും ജീവന്‍ നേരത്തെ പറന്നു പോയിരുന്നു..അല്‍പം കഴിഞ്ഞ് ആ സ്ത്രീയില്‍ നിന്നും..തലേ ദിവസം ആശുപത്രിയില്‍ ചെന്ന ആ സ്ത്രീയോട് ഡോക്ടര്‍ പറഞ്ഞത് ഇനിയും പത്ത് ദിവസം കഴിഞ്ഞ് മാത്രമേ വരേണ്ടതുള്ളൂ എന്നാണ്...."
"തികച്ചും നിസ്സഹായരായി ഞങ്ങളാ സംഭവം നോക്കി നിന്നു..വെറും പുഴുവിനോളം ചെറുതായി പോകുന്ന അവസ്ഥ..ജീവന്‍-മരണ തലത്തിലെ എതോ സന്ധിയില്‍ ആ സ്ത്രീയില്‍ നിന്നും ഉയര്‍ന്ന നിലവിളി..ഹോ..അതോര്‍ക്കാന്‍ കൂടി വയ്യ.."
എരിഞ്ഞു തീര്‍ന്ന ബീഡി വലിച്ചെറിഞ്ഞ് അയാള്‍ അടുത്തതിലേക്ക് കൈനീട്ടിയപ്പോള്‍ എമിലി അയാളുടെ കൈയില്‍ പിടിച്ചു.
****
കണ്മുമ്പില്‍ കാണുന്ന പച്ചയായ ജീവിത യഥാര്‍ത്ഥ്യങ്ങള്‍ ചര്‍ച്ച ചെയ്ത് വര്‍ഷങ്ങളോളം നീണ്ട സൗഹൃദവുമായ് അരവിന്ദന്‍ എന്ന എഴുത്തുകാരനും എമിലി കുര്യാക്കോസ് എന്ന ചിത്രകാരിയും ആ നഗരത്തിന്റെ തിരക്കില്‍ ജീവിക്കുന്നു.പ്രായം മധ്യവയസ്സോടടുത്തെങ്കിലും രണ്ട് പേരും അവിവാഹിതര്‍. ഒരു സാംസ്കാരിക സായന്തനത്തില്‍ തികച്ചും യാദൃശ്ചികമായ് തുടങ്ങിയ സൗഹൃദം. അവരുടെ ജീവിത വീക്ഷണങ്ങളിലെ സമാനതകളാണവരെ അടുപ്പിച്ചത്.തിരക്കേറിയ ജീവിതത്തില്‍ വീണു കിട്ടുന്ന ചില ഇടവേളകള്‍ അവരൊന്നിച്ച് ചെലവഴിച്ചു.
****
പാതി മുറിഞ്ഞ ഒരു നെടുവീര്‍പ്പ് വിഴുങ്ങി എമിലി കടലിലേക്ക് നോക്കി. ഒരു മൗനത്തിന്റെ ഇടവഴിയിലേക്ക് കടലിന്റെ മാസ്മരികത വീണ്ടുമവളെ കൂട്ടിക്കൊണ്ട് പോയി. ആരോടോ ഉള്ള പരിഭവമെന്നോണം കടലും വലിയ മൗനത്തിലായിരുന്നു.അരവിന്ദന്‍ അടുത്ത ബീഡിക്ക് തീ കൊളുത്തിയിരുന്നു. ശീതം നിറഞ്ഞൊരു കാറ്റ് വഴിതെറ്റി വന്ന പോലെ അവരെ തഴുകി കടന്നു പോയി.അപ്പോള്‍ എമിലി ഓര്‍ക്കുകയായിരുന്നു. തന്റെ നശിപ്പിക്കപ്പെട്ട ഭ്രൂണത്തെക്കുറിച്ച്. സ്നേഹിച്ച പുരുഷന്‍ വഞ്ചിച്ചപ്പോള്‍ വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി ആ കുഞ്ഞിനുമേല്‍ കത്തി വെച്ചത്. അന്നെടുത്ത തീരുമാനമാണ് തന്റെ ഗര്‍ഭപാത്രത്തില്‍ ഇനിയൊരു കുഞ്ഞും വളരേണ്ടെന്ന്‍. ഒരു ജീവന്റെ തുടിപ്പ് കുഴിച്ചു മൂടപ്പെട്ട തന്റെ ഗര്‍ഭപാത്രത്തെ എമിലി വെറുത്തു. ഒരു വിവാഹ ജീവിതത്തിലേക്ക് അരവി ക്ഷണിച്ചപ്പോഴും നിരസിച്ചതത് കൊണ്ടാണ്...എത്രയെത്ര എതിര്‍പ്പുകള്‍ നേരിട്ടു..അരവിയുമായുള്ള ബന്ധത്തെ വിവിധ തരത്തില്‍ വ്യാഖ്യാനിച്ച് അടുത്ത സുഹൃത്തുക്കള്‍ പോലും പരിഹസിച്ചപ്പോള്‍ പിടിച്ചു നില്‍ക്കാന്‍ പ്രേരണയയത് അരവിയുടെ ദൃഢമായ വിശ്വാസമായിരുന്നു. നിസ്വാര്‍ഥമായ സ്നേഹമായിരുന്നു.
ഓര്‍മകളിലയാന്‍ പോയ മനസ്സ് തിരിച്ചു വന്നത് അരവി ചുമച്ചപ്പോഴാണ്. അരവിയുടെ തൊണ്ടക്കുഴലില്‍ നിന്നും ചുമ പുറത്ത് വരുന്നതിപ്പോള്‍ ഘോര ശബ്ദത്തോടെയാണ്. ചുമച്ച് ചുമച്ച് പുറത്ത് തള്ളുന്ന കഫക്കെട്ടുകളില്‍ ചോരക്കൊഴുപ്പ് നിറയും. അരവിയോടെത്ര പറഞ്ഞിട്ടും കാര്യമില്ല. ഈ ബീഡിയില്ലെങ്കില്‍ പിന്നെ അരവിയില്ല എന്നാണവന്റെ ന്യായം.
***
അരവിന്ദനും എമിലിയും ഒരു തീവണ്ടിയാത്രയിലാണ്. പുഴകള്‍ താണ്ടി, മലയിടുക്കുകളും തുരങ്കങ്ങളും താണ്ടി ട്രയിന്‍ പായുകയാണ്. അകത്ത് നിരവധി മനുഷ്യര്‍. വിവിധ ഭാഷക്കാര്‍, വിവിധ ദേശക്കാര്‍, വിവിധ മതക്കാര്‍, വിഭിന്ന കാഴ്ചപ്പാടുള്ളവര്‍..ഈ മനുഷ്യരൊക്കെ എവിടേക്കാണ്.അരവി ഓര്‍ത്തു ഒരിക്കല്‍ ബാലേട്ടന്‍ പറഞ്ഞത്, "നിങ്ങള്‍ തീവണ്ടി യാത്ര ശരിക്കൊന്ന്‍ ആസ്വദിച്ച് നോക്കൂ..നിങ്ങളുടെ ചുറ്റുമുള്ളതെല്ലാം വീക്ഷിച്ച്..
അപ്പോള്‍ ശരിക്കും നിങ്ങള്‍ ജീവിക്കുകയാണെന്ന്‍ തോന്നും..ജീവിതം തന്നെ ശരിക്കും ഒരു യാത്രയാണെന്ന്‍ തോന്നും..."
ശരിയാണ് ജീവിതത്തിന്റെ അങ്കലാപ്പുകള്‍, വേവലാതികള്‍, സന്തോഷം, ദു:ഖം, പ്രണയം..എല്ലാം നിറഞ്ഞ ഒരു സാമ്പിള്‍...ഓരോ മനുഷ്യരുടെയും കാഴ്ചകള്‍ വിഭിന്നങ്ങളാണോ..
അരവിയുടെ ചുമലിലേക്ക് തല ചേര്‍ത്ത് എമിലി ഉറങ്ങുകയാണ്..
രണ്ട് കണ്ണുകളിലും ചുവപ്പ് കലര്‍ന്ന ഒരാണ്‍കുട്ടി അവനേക്കാള്‍ ചെരിയ ഒരു പെണ്‍കുട്ടിയുടെ ചുമലില്‍ കൈകളൂന്നി ആ പെണ്‍കുട്ടിയുടെ കൈയിലെ രണ്ട് മരക്കഷണങ്ങളില്‍ നിന്നുയരുന്ന ശബ്ദത്തിന്റെ താളത്തിനൊത്ത് നടന്നു വന്നത് പെട്ടെന്നാണ്. അവനൊരു പാട്ട് പാടാനുള്ള ഒരുക്കത്തിലാണ്. പെണ്‍കുട്ടിയുടെ കൈയിലെ താളം മുറുകി. എവിടെയോ കേട്ടുമറന്ന ഒരു യുഗ്മ ഗാനത്തിന്റെ സ്വര മാധുരി. പരമാവധി ആളുകളെ ആകര്‍ഷിക്കാന്‍ വളരെ ഉച്ചത്തിലാണവന്‍ പാടുന്നത്. അവള്‍ കോറസ് പാടുന്നു. മുളന്തണ്ട് പോലെയുള്ള അവന്റെ കഴുത്തില്‍ ഞരമ്പുകള്‍ വലിഞ്ഞ് മുറുകുന്നു. അത് രാഗങ്ങളുടെ പുതിയ തലങ്ങള്‍ സൃഷ്ടിക്കുന്നു. ഓരോ ദിവസവും അവനെത്ര പാട്ടുകള്‍ പാടുന്നു..അവനെത്ര മുഖങ്ങള്‍ കാണുന്നു..അറപ്പോടെ, സഹതാപത്തോടെ, അല്ലെങ്കില്‍ ഒരുതരം നിസ്സംഗതയോടെ ഉയരുന്ന മുഖങ്ങള്‍. അവരുടെ സംഗീത മഴയിലേക്കാണ് എമിലി ഉണര്‍ന്നത്. അവള്‍ ആ കുട്ടികളെ നോക്കി, പിന്നെ അവരുടെ പാട്ടില്‍ ലയിച്ചിരിക്കുന്ന അരവിയെയും. പാട്ടു നിര്‍ത്തി ഓരോരുത്തരിലേക്കായ് കൈ നീട്ടി ആ കുട്ടികള്‍ നടന്നു നീങ്ങി.
"ജീവിതം എത്ര ബുദ്ധിമുട്ടിയേറിയതാണ് ചിലര്‍ക്ക്.." കണ്ണുകളില്‍ നിറഞ്ഞ ആര്‍ദ്രതയോടെ എമിലി പറഞ്ഞു.
അരവിന്ദന്‍ അതിന് മറുപടിയൊന്നുമ പറഞ്ഞില്ല. അയാളുടെ കണ്ണുകള്‍ പുറം കാഴ്ചകളിലേക്ക് ഓടിയകന്നു ഓര്‍മകളിലേക്ക്...
അനാഥലയത്തിന്റെ മതിലിനു പിറകില്‍ സന്ധ്യയിലേക്ക് പറക്കുന്ന പക്ഷികളെ നോക്കിയിരുന്ന നാളുകള്‍. അവ കാണാമറയത്ത് അകന്നകന്ന്‍ പോകുമ്പോഴായിരിക്കും മണി മുഴങ്ങുന്നത്. മണി ഒരു താക്കീതാണ്..സ്വാതന്ത്ര്യത്തിനു മേലുള്ള താക്കീത്. മടുപ്പ് മണക്കുന്ന പാതയിലൂടെ തിരികെ മുറിയിലേക്ക് നടക്കുമ്പോള്‍ ചിന്തയില്‍ ആകാശ വിശലതയിലേക്ക് പറന്നുയരുന്ന പക്ഷികള്‍.
"ചുകപ്പ് നിറഞ്ഞ സന്ധ്യ. പക്ഷികള്‍ മടങ്ങുകയാണ്.." അത്തരമൊരു സന്ധ്യയില്‍ കടലാസില്‍ അക്ഷരങ്ങള്‍ പതിഞ്ഞപ്പോഴാണ് സിസ്റ്റര്‍ സൂസി പിറകിലൂടെ വന്ന്‍ കടലാസ് കൈക്കലാക്കിയത്..നാണത്താല്‍ കുനിഞ്ഞ മുഖത്തെ സിസ്റ്റര്‍ സൂസി ഉയര്‍ത്തിയത് അളവറ്റ സ്നേഹത്തിലേക്കാണ്. കണ്ണുകളില്‍ ഒരു വല്ലാത്ത സൗന്ദര്യമൊളിപ്പിച്ചു വെച്ച സിസ്റ്റര്‍ സൂസി ഒരു മാലാഖയാണ്. അനാഥാലയത്തിലെ ഇടുങ്ങിയ വായനാ മുറിയിലെ കാലിളകിയ ബെഞ്ചിലിരുന്ന്‍ സിസ്റ്റര്‍ സൂസി തരുന്ന പുസ്തകങ്ങള്‍ വായിക്കലായി പിന്നെത്തെ സായന്തനങ്ങള്‍. ആദ്യമയെഴുതിയ കഥ മാഗസിനയച്ച് പ്രസിദ്ധീകരിപ്പിച്ചതും സിസ്റ്റര്‍ സൂസി തന്നെ.ബാല്യം പിന്നിട്ട് യൗവ്വനാരംഭത്തില്‍ അനാഥലയത്തിന്റെ പടികളിറങ്ങുമ്പോള്‍ സിസ്റ്റര്‍ സൂസി എന്താണൊരു നൊമ്പരമായെന്നെ പിന്തുടര്‍ന്നത്..ബാല്യം വിട്ടുമാറാത്ത ഒരു കുസൃതിപ്പയ്യന്റെ നിശബ്ദ പ്രേമം. നിശബ്ദമായ പ്രേമത്തിനെന്തു സുഖമാണ്. സിസ്റ്റര്‍ സൂസിയെ വിട്ടുപോകാന്‍ മനസ്സുണ്ടായിട്ടല്ല. പക്ഷേ അനാഥാലയത്തിന്റെ മടുപ്പിക്കുന്ന മണം..അനാഥത്വത്തിന്റെ നൊമ്പരം.. അതു താങ്ങാനിനിയും കഴിയില്ല.സിസ്റ്റര്‍ സൂസിയെ പിന്നീടൊരിക്കലും കാണുകയുണ്ടായില്ല..
ജീവിതത്തിന്റെ ഭാരവും പേറി വര്‍ഷങ്ങളുടെ അലച്ചില്‍..ബാലേട്ടനെ കാണുന്നത് വരെ. ബലേട്ടന്‍ ഒരൊറ്റയാനാണ്. ജീവിതത്തോടുച്ചത്തില്‍ സംസാരിക്കും ബലേട്ടന്‍..തന്നെ പോലുള്ള എത്രപേരുടെ ജീവിതത്തിനൊരടുക്കും ചിട്ടയും ഉണ്ടാക്കിതന്ന്‍ അയാള്‍ ജീവിതത്തിന്റെ പടവുകള്‍ ഇറങ്ങി പോയത് ഒരു സന്ധ്യക്കണ്. തന്റെ ഇഷ്ടപ്പെട്ട ചാരു കസേരയിലിരുന്ന്‍ പുഞ്ചിരിക്കുന്ന മുഖവുമായ് ഒരു പുസ്തകവും നിവര്‍ത്തിപ്പിടിച്ച്.. അതൊരു മരിച്ച ശരീരമാണെന്ന്‍ ആര്‍ക്കും തോന്നുകയേയില്ല. ജീവിത യാഥാര്‍ത്ഥ്യങ്ങളോട് ഒരുപാട് സംവദിച്ച് യാത്രയായ മനുഷ്യന്‍.മരണ വീടൊരു ജനസമുദ്രമായതത് കൊണ്ടായിരുന്നു. അതൊരു വ്യക്തിത്വത്തിന്റെ മഹത്വമായിരുന്നു. ബലേട്ടന്‍ തന്നെ ഒരിക്കല്‍ പറയുകയുണ്ടായി, "നിങ്ങളില്‍ ഏതെങ്കിലുമൊരു വ്യക്തി സ്വാധീനം ചെലുത്തിയിട്ടുണ്ടെങ്കില്‍ അയാളൊരദൃശ്യ സാന്നിധ്യമായി നിങ്ങളെ പിന്തുടരും.."

ഓര്‍മകളില്‍ നിന്നും മനസ്സ് ഞെട്ടിയുണര്‍ന്നത് ഒരു വലിയ ഉലച്ചിലിലേക്കായിരുന്നു. തീവണ്ടി ഉലയുകയാണ്. പിടി തരാതെ...കൂട്ട നിലവിളികള്‍..എന്തൊക്കെയോ പൊട്ടിത്തെറിക്കുന്നു.. തകര്‍ന്നു വീഴുന്നു..കണ്ണുകളില്‍ നിന്നും അകന്നകന്ന്‍ പോകുന്ന വെളിച്ചം...ഓര്‍മകള്‍ മങ്ങുന്നു...
****
വെളിച്ചത്തിന്റെ സ്ഥൂലകണികകള്‍ അരവിയുടെ കണ്ണുകളിലേക്ക് വീണ്ടുമെത്തിയത് ആശുപത്രിക്കിടക്കയില്‍ നിന്നായിരുന്നു. കണ്ണുകള്‍ പാടുപെട്ട് തുറന്നപ്പോള്‍ അടുത്ത് എമിലിയുണ്ട്. നെറ്റിയില്‍ ചെറിയൊരു ബാന്‍ഡേജുമായ്..പേടിക്കാനൊന്നുമില്ല എന്ന്‍ സൂചിപ്പിക്കുന്നൊരു പുഞ്ചിരി അവളുടെ ചുണ്ടുകളിലുണ്ടായിരുന്നു.
സംഭവത്തിന്റെ ഗൗരവമറിഞ്ഞത് പിന്നീടാണ്. എത്രയെത്ര മനുഷ്യരാണ് മരിച്ചത്. തീവണ്ടിയാത്രയില്‍ മരണവുമുണ്ട്..ജീവിതത്തിന്റെ ഏറ്റവും ഉദാത്തമായ തലം.. സ്പന്ദനങ്ങളുടെ താളത്തിനിടയില്‍ ഏതു നിമിഷവും നിലയ്ക്കാവുന്ന ഹൃദയവുമായ് നാളെയുടെ എന്തൊക്കെ ധാരണകള്‍ മനുഷ്യന്‍ സൃഷ്ടിക്കുന്നു..
****
അരവിന്ദനും എമിലിയും ഇപ്പോള്‍ വിവാഹ രജിസ്റ്റര്‍ ആഫീസിലാണ്..ജീവിതവുമായുള്ള ഒരു പുതിയ സംവാദത്തിലേക്ക്..തനിക്കൊരു കുഞ്ഞ് വേണം എന്ന്‍ ആശുപത്രിക്കിടക്കയില്‍ വെച്ച് അരവിന്ദന്‍ വാശി പിടിച്ചപ്പോള്‍ എമിലി കുര്യാക്കോസിനെന്തേ അത് നിരസിക്കാന്‍ കഴിയാതെ പോയത്...